Saturday, 11 April 2020

ക്വാഡ്‍ലിബറ്റ് - സംഗീതപ്രേമികൾക്കായുള്ള ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയർ


പലവിധത്തിലുള്ള പാട്ടുകളും അതിന്റെ പിന്നണിക്കാരെയും വരികളും പാട്ടിനെ കുറിച്ചുള്ള മറ്റു വിവരങ്ങളും ശേഖരിച്ച് സൂക്ഷിക്കുന്നവർക്കു വേണ്ടിയുള്ള ഒരു സോഫ്റ്റ്‍വെയറിനെ കുറിച്ചാണു് ഈ കുറിപ്പ്.

നമ്മുടെ ഗാനശേഖരത്തിൽ ഫയലുകളുടെ എണ്ണം കൂടുന്നതിനു അനുസരിച്ച് അത് നല്ല രീതിയിൽ അടുക്കി വയ്ക്കുന്നത് ഒരു വലിയ പണിയാണു്. സംഗീത ആൽബത്തിന്റെ പേരിൽ ഫോൾഡർ ഉണ്ടാക്കി, അതിൽ പാട്ടിന്റെ വരിയുടെ പേരിലുള്ള ഫയലുകളിലാണ് പലപ്പോഴും നമ്മൾ പാട്ടുകൾ സൂക്ഷിക്കുന്നത്. ഇങ്ങനെ സൂക്ഷിക്കുന്ന പാട്ടുകളിൽ നിന്നും നമുക്ക് ഇഷ്ടപ്പെട്ട ഗായകരുടെയും സംഗീതസംവിധായകുരുടെയും ഗാനരചയിതാക്കളുടെയും പാട്ടുകൾ തെരഞ്ഞെടുക്കുന്നത് അത്ര എളുപ്പമല്ല. സാധാരണഗതിയിൽ, ഫോൾഡറിലോ ആല്ലെങ്കിൽ ഫയലിന്റെ പേരിലോ പാട്ടിന്റെ പിന്നണിക്കാരുടെ പേര് ഉൾപ്പെടുത്തുന്നതാണ് ഒരു കുറുക്കുവഴി. എന്നാൽ ഇങ്ങനെ കൊടുക്കുന്ന വിവരങ്ങൾ കമ്പ്യുട്ടറിലെ പാട്ടുപെട്ടി (music player) ഉപയോഗിച്ച് തെരയാനോ തിരിച്ചറിയാനോ പലപ്പോഴും സാധിക്കില്ല.

ഇത്തരം സന്ദർഭങ്ങളിലാണു് MP3/OGG ഫയലുകളിലെ മെറ്റാഡാറ്റ (metadata) സഹായകരമാവുന്നത്. പിന്നണിക്കാരുടെ പേരും പാട്ടിന്റെ വരികളും മറ്റു വിവരങ്ങളും മെറ്റഡാറ്റ ടാഗായി (tag) പാട്ടിനൊപ്പം സൂക്ഷിച്ചുവയ്ക്കുകയാണെങ്കിൽ,പാട്ടുകൾ ഒരു മ്യുസിക് ലൈബ്രറി ആപ്ലിക്കേഷനിൽ നന്നായി അടുക്കി വയ്ക്കാനാകും. മാത്രമല്ല പ്ലെയർ പാടുമ്പോൾ ആ വിവരങ്ങൾ നമുക്ക് കാണിച്ചു തരികയും ചെയ്യും. പാട്ടുകൾ ഗ്രുപ്പ് (group) ചെയ്യാനും ക്രമപ്പെടുത്താനും (sort) ടാഗുകൾ ഉപയോഗിക്കാം.
സാധാരണയായി ഉപയോഗിക്കുന്ന ചില ടാഗുകൾ ഇവയാണു്:
  • Title
  • Album
  • Composer
  • Artist
  • Lyricist
  • Genre
  • Language
  • Date
  • Performer
  • Comment
OGG ഫയലുകളിൽ VorbisComment എന്ന മെറ്റഡാറ്റ ഫോർമാറ്റാണു ഉപയോഗിക്കുന്നത്. കൂടുകൽ വിവരങ്ങൾക്കായി https://wiki.xiph.org/VorbisComment സന്ദർശിക്കുക.

MP3 ഫയലുകളിൽ ID3 എന്ന സ്റ്റാൻഡേർഡിലാണു് ടാഗുകൾ നിർവചിച്ചിരുക്കുന്നത്. നിലവിലുള്ള മിക്ക MP3 ഫയലുകളിലും ഉപയോഗിക്കുന്നത് 2000-ൽ പുറത്തിറങ്ങിയ ID3 version 2.4 ആണു്. ID3 യെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി http://id3.org സന്ദർശിക്കുക.  ഇപ്പോൾ വിപണിയിൽ ലഭ്യമായ മിക്കവാറും എല്ലാ പ്ലെയറുകളിലും മെറ്റഡാറ്റ കാണാനുള്ള സൗകര്യമുണ്ട്. എന്നാൽ അപൂർവ്വം പ്ലെയറുകളിലെ അതിൽ മാറ്റം വരുത്താനുള്ള (Edit) സൗകര്യമുള്ളൂ. അതിൽ തന്നെ വളരെ അപൂർവ്വം പ്ലെയറുകളിൽ മാത്രമേ ID3v2.4 -ൽ പ്രസ്താവിച്ചിട്ടുള്ള എല്ലാ ടാഗുകളും മാറ്റാൻ പറ്റുള്ളൂ. അത്തരം ഒരു മ്യുസിക് പ്ലെയറും ലൈബ്രറി മാനേജറുമാണു് ക്വാഡ്‍ലിബറ്റ് (Quodlibet).
ഗ്നു/ലിനക്സിലും, വിൻഡോസിലും മാക് ഓഎസിലും പ്രവർത്തിക്കുന്ന പൈത്തൺ (Python) അധിഷ്ടിതമായ ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയറാണു (Free and Open Source Software) ക്വാഡ്‍ലിബറ്റ്. ഇതിനെ ഒരു മ്യുസിക് പ്ലെയറായും മ്യുസിക് ലൈബ്രറിയായും മെറ്റഡാറ്റ എഡിറ്ററായും ഉപയോഗിക്കാം. ഫെഡോറ, ഉബുണ്ടു, ഡെബിയൻ, ആർച്ച് എന്നീ ഗ്നു/ലിനക്സ് വകഭേദങ്ങളിലും ഫ്ലാറ്റ്പാക്കിലും (Flatpak) ഇത് ലഭ്യമാണു്. കൂടുതൽ വിവരങ്ങൾക്കും ഇൻസ്റ്റാൾ ചെയ്യാനും https://quodlibet.readthedocs.io എന്ന സൈറ്റ് സന്ദർശിക്കുക.

ഇൻസ്റ്റാൾ ചെയ്തു, ആദ്യത്തെ പ്രാവശ്യം റൺ ചെയ്യുമ്പോൾ ക്വാഡ്‍ലിബറ്റ് നമ്മുടെ പാട്ടുകൾ സൂക്ഷിച്ചു വച്ചിരിക്കുന്ന ഫോൾഡർ ചോദിക്കും.

"Scan Library" ബട്ടൺ അമർത്തുന്നതോടെ നമ്മൾ സൂക്ഷിച്ചിരിക്കുന്ന പാട്ടുകളുടെ മെറ്റാഡാറ്റ ക്വാഡ്‍ലിബറ്റ് വായിച്ചെടുക്കും.
പാടിക്കൊണ്ടിരിക്കുന്ന പാട്ടിന്റെ പിന്നണിക്കാരുടെ പേരുകളും, ആൽബത്തിന്റെ പേരും അതിന്റെ ചിത്രവുമൊക്കെ (Album Art) പ്ലെയറിൽ നമുക്ക് കാണാനാകും. പാട്ടുകൾ കാണിക്കുന്ന സെക്ഷൻ ഹെഡറിൽ റൈറ്റ്-ക്ലിക്ക് ചെയ്ത് അവിടെ കാണിക്കുന്ന നിരകൾ (columns) മാറ്റി നമുക്കാവശ്യമുള്ള ടാഗുകൾ കാണിക്കാം.
മെറ്റഡാറ്റയെ ചൂഷണം ചെയ്യുന്ന രീതിയാണു ക്വാഡ്‍ലിബറ്റിനെ മറ്റുള്ള മ്യുസിക് പ്ലെയറുകളിൽ നിന്നും മാറ്റി നി‍ർത്തുന്ന പ്രധാന സവിശേഷത. സാധാരണയുള്ള പ്ലെയറുകളിൽ ഒരു ടാഗിന് ഒരു വില (value) മാത്രമേ കൊടുക്കാനാകൂ. ഒരു യുഗ്മഗാനത്തിന്റെയോ അല്ലെങ്കിൽ ഒന്നിൽ കൂടുതൽ ഗായകർ പാടിയ പാട്ടിന്റെയൊ പാട്ടുകാരുടെ പേര് കൊടുക്കുമ്പോൾ അത് Artist എന്ന ടാഗിൽ കോമ, സെമി-കോളൻ അല്ലെങ്കിൽ സ്ലാഷ് (/) എന്നിവ ഉപയോഗിച്ച് എഴുതണം. ഉദാഹരണമായി, കെ. ജെ യേശുദാസും കെ. എസ്. ചിത്രയും ചേർന്ന് പാടിയ പാട്ട് താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു രീതിയിൽ എഴുതണം:
Artist=K. J. Yesudas / K. S. Chithra
Artist=K. J. Yesudas, K. S. Chithra
Artist=K. J. Yesudas; K. S. Chithra
ഇങ്ങനെ എഴുതിയാൽ കെ. ജെ യേശുദാസ് പാടിയ പാട്ടുകൾ തെരയുമ്പേൾ അദ്ദേഹം പാടിയ യുഗ്മഗാനങ്ങൾ ഒരിക്കലും വരില്ല. അതു പോലെ, ചിത്രയുടെ പേരു വച്ച് തെരഞ്ഞാൽ അവർ പാടിയ യുഗ്മഗാനങ്ങൾ കിട്ടില്ല. അതു മാത്രമല്ല,  K. J. Yesudas / K. S. Chithra, K. J. Yesudas / Sujatha Mohan, K. J. Yesudas / Ambili എന്നിങ്ങനെ non-atomic ആയിട്ടായിരിക്കും ഡാറ്റാബേസിൽ സൂക്ഷിക്കുക.
ഒരു ടാഗ് തന്നെ മെറ്റാഡാറ്റയിൽ പലപ്രാവശ്യം ആവർത്തിക്കാൻ ID3v2 സ്റ്റാൻഡേർഡ് അനുവദിക്കുന്നുണ്ട്. ഉദാഹരണമായി, ക്വാഡ്‍ലിബറ്റിൽ താഴെ കൊടുത്തിരിക്കുന്നതു പോലെ എഴുതാം. 
Artist=K. J. Yesudas
Artist=K. S. Chithra
മെറ്റഡാറ്റയിൽ ഇങ്ങനെ എഴുതിയാൽ കെ. ജെ യേശുദാസിന്റെ പാട്ടുകൾ തെരഞ്ഞാൽ അദ്ദേഹം പാടിയ യുഗ്മഗാനങ്ങളും കിട്ടും. സൂക്ഷിക്കുക: ചില മൊബൈൽ പാട്ടുപെട്ടികൾ ഇത്തരത്തിൽ ആവർത്തിക്കുന്ന ടാഗുകൾ എല്ലാം കാണിക്കില്ല. foobar2000 എന്ന ആൻഡ്രോയിഡ് ആപ്പ് ഇതിനൊരു അപവാദമാണു്. foobar2000ൽ ഒരേ ടാഗ് ആവർത്തിച്ചാലും മുകളിൽ പറഞ്ഞതുപോലെ തെരയാം.

ഒരു ഗാനം എഴുതിയത് (Lyricist) രണ്ട് പേർ ചേർന്നാണെങ്കിലും ഇതു പോലെ കൊടുക്കണം.പാട്ടെഴുതിവരുടെ പേരുകൾ ഇങ്ങനെ കൊടുക്കാം
Lyricist=Vaali
Lyricist=Bichu Thirumala
Composer, Artist, Lyricist, Performer എന്നിങ്ങനെ ആൾക്കാരുടെ പേരുകൾ വരുന്ന ടാഗുകൾ ഒരുമിച്ച് ഗ്രൂപ്പ് ചെയ്യാനുള്ള കഴിവാണു് മറ്റൊരു സവിശേഷത. ഒരു കലാകാരന്റെ പാട്ടുകൾ, അത് അയാൾ എഴുതിയതാവട്ടെ ഈണം നൽകിയതാവട്ടെ അല്ലെങ്കിൽ പാടിയതാവട്ടെ, അത്തരത്തിലുള്ള എല്ലാ പാട്ടുകളും വളരെ എളുപ്പം തിരഞ്ഞെടുക്കാൻ പറ്റും. ഉദാഹരണമായി, സംഗീതസംവിധായകൻ എം. ജി. രാധാകൃഷ്ണൻ പാടിയതും സംഗീതം ചെയ്തതുമായ എല്ലാ ഗാനങ്ങളും ക്വാഡ്‍ലിബറ്റിൽ കൃത്യമായി ടാഗ് ചെയ്തിട്ടുണ്ടെങ്കിൽ ഒറ്റ ക്ലിക്കിൽ ലഭിക്കും.

പിന്നണിയിലെ കലാകാരന്മാരെ കുറിച്ചുള്ള വിവരങ്ങൾ മാത്രമല്ല മെറ്റഡാറ്റായിൽ ഉൾപ്പെടുത്താവുന്നത്. കമന്റ് (Comment) ടാഗ് ഉപയോഗിച്ച് നമുക്കിഷ്ടമുള്ള മറ്റു വിവരങ്ങൾ മെറ്റഡാറ്റയിൽ ചേർക്കാവുന്നതാണ്.
ക്വാഡ്‍ലിബറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത അതിനോപ്പം വരുന്ന എക്സ് ഫാൽസോ (Ex Falso) എന്ന മെറ്റഡാറ്റ എഡിറ്ററാണു് (metadata editor). പാട്ട് പാടിക്കൊണ്ടിരുക്കുമ്പോൾ തന്നെ ടാഗുകളിൽ മാറ്റം വരുത്താൻ എക്സ് ഫാൽസോയ്ക്ക് സാധിക്കും. ക്വാഡ്‍ലിബറ്റ് ഇല്ലാതെയും എക്സ് ഫാൽസോ ഇൻസ്റ്റാൾ ചെയ്യാം.

ടാഗുകളിൽ മാറ്റം വരുത്താൻ പാട്ടിന്റെ പുറത്ത് റൈറ്റ്-ക്ലിക്ക് ചെയ്തു "Edit Tags" തെരഞ്ഞെടുക്കുക, അതിനു ശേഷം താഴെ കാണുന്ന എഡിറ്ററിൽ ടാഗുകൾ മാറ്റാം.

മുകളിൽ പറഞ്ഞതു പോലെ എക്സ് ഫാൽസോയിലും ടാഗുകൾ ആവർത്തിക്കാൻ പറ്റും. യൂണിക്കോഡ് ഉപയോഗിച്ച് മലയാളത്തിലും ടാഗുകളുടെ വില കൊടുക്കാൻ പറ്റും. നേരത്തെ പറഞ്ഞതു പോലെ, ഫയലിന്റെ പേരിലുള്ള വിവരങ്ങൾ എഡിറ്റർ ഉപയോഗിച്ച് മെറ്റഡാറ്റയാക്കി മാറ്റാം. അതിനായി "Tags From Path" എന്ന ടാബ് തെരഞ്ഞെടുത്ത് അതിൽ അനുയോജ്യമായ pattern കൊടുക്കുക.

നമ്മൾ കൊടുക്കുന്ന വിവരങ്ങൾ എക്സ് ഫാൽസോ ഓർത്തുവയ്ക്കുകയും പിന്നീട് അതേ പേരുകളുടെ ആദ്യത്തെ അക്ഷരങ്ങൾ ടൈപ്പ് ചെയ്താൽ സൂചകങ്ങൾ തരും.

ക്വാഡ്‍ലിബറ്റിലെ ഒരു പേരായ്മ ആൽബം ആർട്ട് (Album Art) മാറ്റാൻ പറ്റില്ല എന്നതാണ്. അതിനായി ഈസിടാഗ് (Easytag) പോലെയുള്ള സോഫ്റ്റ്‍വെയർ ഉപയോഗിക്കണം. പക്ഷെ ഈസിടാഗ് Lyricist പോലുള്ള ചില ടാഗുകൾ നഷ്ടപ്പെടുത്തും. അതുകൊണ്ട് ആൽബം ആർട്ട്  മാറ്റണമെന്നുണ്ടെങ്കിൽ ആദ്യം ഈസിടാഗ് ഉപയോഗിച്ച് ആൽബം ആർട്ട് ചേർക്കുക. അതിനുശേഷം എക്സ് ഫാൽസോയിൽ എഡിറ്റു ചെയ്യുക.

ഒരു സംഗീതസൃഷ്ടിയുടെ പിന്നണിയിൽ പ്രവർത്തിച്ചവരെ കൃത്യമായി ടാഗ് ചെയ്തു വയ്ക്കുന്നത് ഒരു തരത്തിൽ അവരുടെ കഴിവുകളെ അംഗീകരിക്കുന്നതിനു തുല്യമാണു്. ക്വാഡ്‍ലിബറ്റിൽ പാട്ടുകൾ അടുക്കി വയ്ക്കുന്നതും ആസ്വദിക്കുന്നതും ഒരു പുതിയ ഒരനുഭവം ആയിരിക്കും എന്നു വിശ്വസിക്കുന്നു.

References:
https://quodlibet.readthedocs.io
https://wiki.xiph.org/VorbisComment
http://id3.org
https://wiki.gnome.org/Apps/EasyTAG
https://en.wikipedia.org/wiki/ID3 

No comments: