Friday, 4 April 2008

ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട്

അടുത്ത കാലം വരെ മലയാളമനോരമയുടെ ഇന്റര്‍നെറ്റ് പതിപ്പിനു ഫയര്‍ഫോക്സിനോട് വല്ലാത്ത ഒരു അടുപ്പമില്ലായ്മ ഉണ്ടായിരുന്നു. ഫോട്ടോ ഗാലറിയില്‍ ആകെ കാണാന്‍ പറ്റുന്നത് ആദ്യത്തെ ചിത്രം മാത്രം. അതിനു ശേഷം എത്ര ക്ളിക്കിയാലും മുന്നോട്ട് പോകില്ലായിരുന്നു. ഈ യൂണിക്കോഡ് യുഗത്തിലും ഡൈനാമിക് ഫോണ്ടുകള്‍ ഉപയോഗിക്കുന്നതു കൊണ്ട് പദ്മ ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചാണ് മനോരമ കമ്പ്യൂട്ടറില്‍ വായിക്കുന്നത്. അല്ലെങ്കില്‍ മനോരമയുടെ ഫോണ്ട് ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യണം. എന്നാലും ഗ്നു/ലിനക്സ് + ഫയര്‍ഫോക്സില്‍ ചില വാക്കുകള്‍ വായിക്കാന്‍ ജോല്‍സ്യനെ കാണണം. പരസ്യങ്ങള്‍ കൊണ്ട് കുത്തി നിറച്ച സൈറ്റ് കണ്ണിനു അരോചകമായി തുടങ്ങിയപ്പോള്‍ അവിടത്തെ വായന മതിയാക്കി മാതൃഭൂമി RSS ഫീഡ്സ് ബ്രൌസറില്‍ ചേര്‍ത്തു. മനോരമ ഓണ്‍ലൈനിന്റെ കെട്ടും മട്ടും ആകെ മാറിയെന്ന് ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞാണ് ഏറെ കാലത്തിനു ശേഷം വീണ്ടും ആ സൈറ്റ് സന്ദര്‍ശിച്ചത്..

പുതിയ ലോഗോയും, നിറങ്ങളും , ലേ-ഔട്ടും ഒരു പുതിയ അനുഭവമായി. AJAX സാങ്കേതിക വിദ്യ വളരെ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഉള്‍പേജുകള്‍ക്ക് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. പരസ്യങ്ങളുടെ അതിപ്രസരം കാരണം പേജ് സ്ക്രോളിങ്ങ് വളരെ ദുഷ്കരമായി. എന്നെ ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തിയത് പുതിയ സൈറ്റിനു പദ്മയോടുള്ള പിണക്കമാണ്. AJAX ഉപയോഗിച്ചതു കാരണം പല വിഭാഗങ്ങളിലും യൂണിക്കോട് പരിഭാഷ പ്രവര്‍ത്തിക്കുന്നില്ല. നമ്മളെക്കെണ്ട് മനോരമഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യിച്ചേ അടങ്ങൂ എന്ന വാശിയുള്ളതു പോലെ തോന്നുന്നു. അല്ലെങ്കില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ മുന്‍പന്തിയിലാണെന്ന് അവകാശപ്പെടുന്ന മനോരമ ഇപ്പോഴും ഡൈനാമിക് ഫോണ്ടില്‍ തന്നെ നില്‍ക്കുന്നതെന്തിനാണ് ?

ഐ. എസ്. ഒ അംഗീകരിച്ച യൂണിക്കോടും സ്വതന്ത്ര ഫോണ്ടുകളും ഉള്ളപ്പോള്‍ മലയാളം പത്രങ്ങള്‍ ഇപ്പോഴും മാനനീകരിക്കാത്ത ഡൈനാമിക് ഫോണ്ടുകള്‍ ഉപയോഗിക്കുന്നതെന്തിനാണെന്ന് മനസ്സിലാവുന്നില്ല. മാതൃഭൂമി പത്രം, മലയാളം വിക്കിപീഡിയ, പിന്നെ സ്വത ന്ത്ര മലയാളം കമ്പ്യൂട്ടിങ് വെബ്സൈറ്റും മാത്രമാണ് എന്റെ അറിവില്‍ ഇന്‍ര്‍നെറ്റില്‍ മലയാളം യൂണിക്കോഡ് ഉപയോഗിക്കുന്നത്.

1 comment:

Anivar Aravind said...

മംഗളവും ചിന്തയും ഹരിതകവുമൊക്കെ മറന്നോ?